Thursday, April 23, 2009

കളിയും കാര്യവും സമ്മേളിക്കുന്ന വൈകുന്നേരങ്ങള്‍..... നാട്ടിന്‍പുറത്തിന്റെ മറ്റൊരു മുഖം...

Saturday, April 11, 2009

വിഷു......












വൈവിധ്യമാര്‍ന്ന ആഘോഷങ്ങളാണ് കേരളീയ സംസ്കാരത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഒരു പ്രധാന വസ്തുത.... ഇവിടെ ഇത്തരം ആഘോഷങ്ങള്‍ ഒരു ആചാരം, വിശ്വാസം,വിനോദം എന്നതിലൊക്കെയുപരി ഒരു ജീവിത ശൈലിയായി മാറുന്നതു കാണാം... സമൂഹത്തിലെ വ്യക്തി ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന ഈ ആഘോഷങ്ങള്‍ കേരളനാടിന്റെയും, സംസ്കാരത്തിന്റെയും ജീവശ്വാസം തന്നെയാണ്....
ക്ഷേത്രങ്ങളില്‍ നടത്തപ്പെടുന്ന ഉത്സവങ്ങളെക്കൂടാതെ വിവിധ കാലങ്ങളില്‍ [seasons] നടത്തപ്പെടുന്ന ആഘോഷങ്ങളും അനവധി... അത്തരത്തില്‍ മലയാളികള്‍ നെഞ്ചേറ്റുന്ന ഒരാഘോഷമാണ് 'വിഷു'......
വിഷുവിനെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല എന്നുതന്നെ പറയാം... മലയാളമനസ്സുകളില്‍ ഇത്രയധികം വേരുറപ്പിച്ചിട്ടുള്ള മറ്റൊരാഘോഷം ഇല്ലതന്നെ....
കണിയും, കണിക്കൊന്നയും, പടക്കങ്ങളും, സദ്യയും, കൈനീട്ടവും, വിഷുക്കോടിയും ഒക്കെ മലയാളിമനസ്സുകളില്‍ ഒരിക്കലും മങ്ങാത്ത ഓര്‍മ്മകളാണ്.., അതിലുപരി ഒരാവേശമാണ്... ഒരു സംസ്കാരമാണ്........
മലയാളത്തിന്റെ പുതുവര്‍ഷദിനമാണ് വിഷു.... 'മേടമാസം' ഒന്നാം തിയ്യതിയാണ് [മലയാള മാസം] മലയാളികള്‍ വിഷുവായി ആഘോഷിക്കുന്നത്... [പലയിനം ഫലങ്ങള്‍ കായ്ക്കുന്ന സമയവുമാണിത്..] ഇന്നേ ദിവസം നിരവധിയായ ചടങ്ങുകളോടെ വിഷു ആഘോഷിക്കപ്പെടുന്നു... പുതുവര്‍ഷാഘോഷമായതുകൊണ്ടുതന്നെ മലയാളത്തിന്റെ തനിമ അങ്ങനെതന്നെ ഈ ആഘോഷങ്ങളിലും കാണാം... പുതുവര്‍ഷാഘോഷം എന്നതുകൂടാതെ 'കേരളത്തിന്റെ കാര്‍ഷികോത്സവം' എന്നൊരു വിശേഷണവും വിഷുവിനു സ്വന്തം.... 'പുഞ്ചക്കൃഷി'കഴിഞ്ഞ് [തുലാമാസത്തില്‍ വിതയ്ക്കുന്ന നെല്ല്, മീനമാസത്തില്‍ കൊയ്യുന്നു] പത്തായങ്ങളും കലവറകളുമെല്ലാം പുന്നെല്ലുകൊണ്ട് നിറയുമ്പോള്‍, വായുവില്‍ കലരുന്ന പുന്നെല്ലിന്‍ഗന്ധം സിരകളില്‍ നിറയുമ്പോള്‍‍, മാസങ്ങളുടെ അധ്വാനം വിളകളായി വീട്ടിലെത്തുമ്പോള്‍ കാര്‍ഷികാധിഷ്ടിത സമൂഹത്തില്‍ കര്‍ഷകമനസ്സുകളില്‍ മുളപൊട്ടിയ സംതൃപ്തിയും സന്തോഷവുമാണ് ഇന്നുകാണുന്ന വിഷു ആഘോഷങ്ങളായി പരിണമിച്ചത്.... ധാന്യപ്പുരകളെല്ലാം നിറയ്ക്കുന്ന ഈ മാസത്തെ തന്നെ 'പുതുവര്‍ഷാരംഭ'മാക്കിയതില്‍ അനൗചിത്യങ്ങളൊന്നുമില്ല.... ജ്യോതിശാസ്ത്രപ്രകാരം 'രാവിന്റെയും പകലിന്റെയും ദൈര്‍ഘ്യം തുല്യമാവുന്ന ദിനം' എന്നൊരു പ്രത്യേകതയും വിഷു ദിനത്തിനുണ്ട്.... കൂടാതെ വിഷുദിനത്തിലാണ് സൂര്യന്‍ കൃത്യം കിഴക്ക് ദിക്കില്‍ ഉദിക്കുന്നത്.... ഇങ്ങനെ എത്രയെത്ര വിശേഷങ്ങളാ വിഷുവുമായി ബന്ധപ്പെട്ടു പറയാന്‍..!!! ആഘോഷങ്ങളോ, അതിലും വിപുലം....

വിഷുദിനത്തിന്റെ ഒരുക്കങ്ങള്‍ തലേന്നാള്‍ തന്നെ തുടങ്ങുന്നു.... 'കണി'യാണ് വിഷുവിന്റെ പരമപ്രധാനമായ കാര്യം... പുതുവര്‍ഷാരംഭമായതുകൊണ്ടുതന്നെ വിഷുദിനത്തിലെ അനുഭവങ്ങളുടെ തുടര്‍ച്ചയായിരിക്കും ആ വര്‍ഷം മുഴുവന്‍ എന്നൊരു വിശ്വാസം പൊതുവേ നിലവിലുണ്ട്.... അതുകൊണ്ടുതന്നെ 'നല്ല കണി' കണ്ടിട്ടായിരിക്കണം പുതുവര്‍ഷത്തിന്റെ തുടക്കമെന്നതില്‍ തര്‍ക്കമില്ല...
'വിഷുക്കണി' തലേന്നാള്‍ രാത്രി തന്നെ ഒരുക്കിവെക്കുന്നു.... വിഷുവിനു മുന്‍പുള്ള രണ്ടുദിവസങ്ങളില്‍ കുട്ടികളെല്ലാം തിരക്കിലായിരിക്കും.... കൊന്നപ്പൂ, പിച്ചകപ്പൂ [ചെമ്പോത്തിന്‍ പൂവെന്നു നാട്ടു ഭാഷ്യം], അതിരാണിപ്പൂ തിടങ്ങി എന്തൊക്കെ പൂക്കള്‍ ശേഘരിക്കണം...!!. എന്നാലും കൊന്നപ്പൂ തന്നെ മുഘ്യന്‍... പിന്നെ അന്നു രാത്രി കണിയൊരുക്കലായി....
















മിക്കവാറും മുതിര്‍ന്നവരും പ്രായമായവരുമാണ് ഇതു ചെയ്യാറ്.... പൂജാമുറുയില്‍ ഏഴുതിരിയിട്ട വിളക്ക്, ദശപുഷ്പങ്ങള്‍ [കന്നപ്പൂ തന്നെ മുഘ്യം], കര്‍പ്പൂരം, മാങ്ങ ചക്ക വെള്ളരി മത്തന്‍ കുമ്പളം തേങ്ങ അടയ്ക്ക പുന്നെല്ല് തുടങ്ങിയ കൃഷിസാധനങ്ങള്‍, പയറ് അരി കടുക് ഉപ്പ് തുടങ്ങിയ അടുക്കള സാധനങ്ങള്‍, വാല്‍കണ്ണാടി കുങ്കുമം കണ്‍‌മഷി കളഭം തുടങ്ങിയ ചമയസാധനങ്ങള്‍, പണം പൊന്ന്, കോടിമുണ്ട്, കിണ്ടിയില്‍ വെള്ളം എന്നിവയൊക്കെ ഒരുക്കി വെക്കുന്നു... മേല്പറഞ്ഞതൊക്കെ അവശ്യം വേണ്ട കണിസാധനങ്ങള്‍ മാത്രം... പിന്നെ താല്പര്യം പോലെ എന്തും വെക്കാവുന്നതാണ്.. [അതു കണികാണാന്‍ കൊള്ളാവുന്നതാവണം എന്നുമാത്രം!! :-)]..... ഇതൊക്കെ തറയില്‍ വിളക്കിനു മുന്നില്‍ നിരത്തിവെക്കുന്നതു കൂടാതെ മുകളില്‍, പട്ടുകൊണ്ടലങ്കരിച്ച് കുരുത്തോലയില്‍ തൂക്കിയിടാറുമുണ്ട്... ഈ രീതിയില്‍ തലേന്നാള്‍ തന്നെ കണിയൊരുക്കുന്നു...













വിഷുദിനത്തില്‍ എല്ലാവരും അതിരാവിലെതന്നെ എഴുന്നേറ്റ് 'കണി' കാണുന്നു... കിടന്നിടത്തുനിന്നും കണ്ണു തുറക്കാതെ എഴുന്നേറ്റ് പൂജാമുറിയിലെത്തിയിട്ടേ കണ്ണു തുറക്കൂ..!! 'ആ വര്‍ഷത്തില്‍ ആദ്യം കാണുന്ന കണിയാ... നന്നായില്ലെങ്കില്‍ കഴിഞ്ഞു കഥ...!!' കുട്ടികളെ മുതിര്‍ന്നവര്‍ ഉണര്‍ത്തി കണ്ണുപൊത്തി കൊണ്ടുപോയി കണികാണിക്കുന്നു... എഴുതിരിയിട്ട വിളക്കിന്റെ പൊന്‍പ്രഭയില്‍ തെളിഞ്ഞുകാണുന്ന 'കണികള്‍' ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷകളുണര്‍ത്തുന്നതോടൊപ്പം, മനുഷ്യന്‍ പ്രകൃതിയോടടുക്കുന്ന കാഴ്ചയും സമ്മാനിക്കുന്നു.... നമ്മള്‍തന്നെ നട്ടു നനച്ചുണ്ടാക്കിയ ഫലങ്ങളാണ് കണിവയ്ക്കേണ്ടതെന്നു പൊതുവെ നിഷ്കര്‍ഷിക്കപ്പെടുന്നതിനു പിന്നിലെ യുക്തിയും മറ്റൊന്നാണെന്നു തോന്നുന്നില്ല... സ്വന്തം ചോരയുടെയും, വിയര്‍പ്പിന്റെയും ഫലങ്ങള്‍തന്നെ കണിയായിക്കണ്ടുകൊണ്ട് ഒരു പുതുവര്‍ഷമാരംഭിക്കുന്ന ഈയൊരു സവിശേഷ സംസ്കാരം മലയാളത്തിനും, മലയാളിക്കുമല്ലാതെ മറ്റാര്‍ക്കവകാശപ്പെടാനാവും..?! മുന്‍പൊക്കെയാണെങ്കില്‍ മനുഷ്യര്‍ മാത്രമല്ല കണികാണുന്നത്.! വീട്ടില്‍ വളര്‍ത്തുന്ന പശു, മൂരി തുടങ്ങിയ മൃഗസഹായികളെയും കണിദീപം കാണിക്കുന്നു.. കൂടാതെ കണിവെച്ച 'കണിവെള്ളരി'യില്‍ നിന്ന് ഒരു ഭാഗം അവറ്റയ്ക്കു തിന്നാനും നല്‍കുന്നു! [മനുഷ്യമനസ്സുകളില്‍ സ്വാര്‍ത്ഥത നിറയാത്ത കാലത്ത് അവയും കുടുംബാംഗമായിരുന്നു]...














കണി കണികണ്ടതിനുശേഷം മുതിര്‍ന്നവര്‍, എല്ലാവര്‍ക്കും 'കൈ നീട്ടം' നല്‍കുന്നു... പണമാണ് കൈനീട്ടമായി നല്‍കുന്നത്.... വര്‍ഷാരംഭത്തിലെ ഐസ്വര്യസൂചകമായാണ് 'വിഷുക്കൈനീട്ടം' നല്‍കുന്നത്.... [ചെറിയ കുട്ടികളുടെ pocket moneyയുടെ പ്രധാന ഉറവിടമാണീ കൈനീട്ടം]..




























തുടര്‍ന്ന് പടക്കങ്ങള്‍, പൂത്തിരികള്‍, കമ്പിത്തിരികള്‍ എന്നിങ്ങനെയുള്ള നിരവധിയായ കോപ്പുകളുടെ ഒരു ശക്തിപ്പരീക്ഷണം തന്നെ.... കുട്ടികളുടെ അന്നത്തെ പ്രധാന പരിപാടിയും ഇതു തന്നെ... പിന്നീടു അമ്പലക്കുളത്തില്‍ പോയി ഉഷാറായൊരു കുളി... വിഷുദിനത്തില്‍ ധരിക്കുന്നതിനായി പുത്തന്‍ തുണിത്തരങ്ങളും വാങ്ങാറുണ്ട് [വിഷുക്കോടി]... തുടര്‍ന്ന് അയല്‍‌വീടുകളിലും കണികാണാന്‍ പോകുന്നു... [മലബാറിനപ്പുറത്ത് ഈ പരിപാടി ഉണ്ടോ എന്നറിയില്ല]... അവിടുന്നും കൈനീട്ടം കൊടുക്കപ്പെടുന്നു.... [പരസ്പര സ്നേഹത്തിലും സഹായത്തിലുമൂന്നിയ സാമൂഹ്യ ചുറ്റുപാടിന്റെ ഉത്തമ ഉദാഹരണം]... അന്നെദിവസം ഒരു കുഴപ്പത്തിനും പോകാതെ നല്ല കുട്ടിയായി വീട്ടില്‍ ഇരിക്കണം...


വിഷുദിനത്തില്‍ രാവിലെ 'അടയും പായസവും' ഉണ്ടാക്കും... അത് ആദ്യം കണ്ണനു നേദിക്കുന്നു.., പിന്നീട് മറ്റുള്ളവരും കഴിക്കുന്നു.... വിഷുദിനത്തില്‍ എടുത്തു പറയേണ്ട ഒന്നാണ് 'വിഷു സദ്യ'.... തൂശനിലയില്‍‍ രുചിഭേദങ്ങളിലെ മുന്‍‌നിരക്കാരായ കേരളീയ വിഭവങ്ങള്‍ ഒക്കെയണിനിരക്കും.... കണ്ണീമാങ്ങ അച്ചാര്‍, പച്ചടി, ഓലന്‍, കാളന്‍, അവിയല്‍, പരിപ്പ്, പപ്പടം, പാല്പായസം, ഇലയട എന്നുവേണ്ട എല്ലാ രുചികളും ഇവിടെ മാറ്റുരയ്ക്കുന്നു....


























അങ്ങനെ ഒരുപാട് ഓര്‍മകളും, അതിലുപരി പ്രതീക്ഷകളും സമ്മാനിച്ച് ഒരു വിഷുപ്പുലരികൂടി നമ്മോടു വിടപറയും....
വിഷുദിനം കഴിഞ്ഞാല്പിന്നെ രണ്ടുദിവസം എല്ലാര്‍ക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, വലിയ സങ്കടമാണ്... കാരണം ഇനി വീണ്ടും ഒരു വര്‍ഷക്കാലത്തെ കാത്തിരിപ്പു തുടങ്ങുകയായി... ഒരുപാട് ഓര്‍മ്മകളും, നൊമ്പരങ്ങളുമായി ഒരു കാത്തിരിപ്പ്.... അടുത്ത വിഷുവിലേക്കുള്ള കാത്തിരിപ്പ്...























കടപ്പാട് [ചിത്രം]: Vipin.KP


...

Monday, April 6, 2009

"പങ്കുവെക്കലിന്‍‌റ്റെ മാധുര്യവുമായി ഉത്സവങ്ങള്‍..."[തെയ്യം]

















"പങ്കുവയ്ക്കലിന്‍‌റ്റെ ലാളിത്യമാണ് ഗ്രാമീണതയുടെ മുഖമുദ്ര.... ഉത്സവങ്ങള്‍.. ആഘോഷങ്ങള്‍.. അങ്ങനെ എന്തിലും അതുണ്ട്.... നാഗരീകതയില്‍ നന്മകള്‍ ഇനിയും മരിച്ചിട്ടില്ലെന്നു സാരം...."


Sunday, April 5, 2009

"മാറ്റങ്ങ‌ളിലും മാറാതെ..." [തൂക്കുപാലം...]

















"ഇന്നലെകളുടെ അക്കരയില്‍ നിന്നും ഇന്നിന്‍‌റ്റെ ഇക്കരയിലേക്ക്..... തിരിച്ചും.... ഒരു പഴയ തൂക്കു പാലം..."

.

പൂരം.....

കേരളത്തിലെ, മലബാര്‍ മലയാളികളുടെ ഒരു ആഘോഷമാണ് പൂരം... പേര് സൂചിപ്പിക്കുംപോലെ പൂക്കളുടെ ആഘോഷം തന്നെയാണു പൂരം.. സ്ത്രീകളുടെ, പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ ആഘോഷമായ പൂരം, മീനമാസത്തിലെ മകയിരം മുതല്‍ ഏഴു ദിവസമാണു (ചിലര്‍ കാര്‍‌ത്തിക മുതല്‍ 9 ദിവസം) ആഘോഷിക്കുന്നത്... ഈ ദിവസങ്ങളിലെല്ലാം വീടുകളില്‍ സ്ത്രീകള്‍ അതിരാവിലെതന്നെ കുളിച്ച് 'പൂവിടുന്നു'... (ഇതിനെ ചിലര്‍ സൗകര്യാര്‍ത്ഥം മൂന്ന്, അഞ്ച്, ഒമ്പത് ദിവസങ്ങളിലായും ആഘോഷിക്കുന്നു.)











<="പൂവിടല്‍"






ഓണത്തിനു പൂവിടുന്നതുപോലെ മുറ്റത്തല്ല, മറിച്ച് വീട്ടിനുള്ളില്‍ തന്നെ, പൂജാമുറിയിലൊ മറ്റോ ആയിരിക്കും ഈ ചടങ്ങ്... വിഷുക്കണിക്കൊക്കെ ഉള്ളതുപോലെയുള്ള സജ്ജീകരണങ്ങള്‍ പൂരത്തിനും കാണാം... 'കാമദേവ'നാണ് ഈ വേളകളിലൊക്കെ സ്മരിക്കപ്പെടുന്നത്... (അതുകൊണ്ടു തന്നെയാണു ഇതു പെണ്കുട്ടികളുടെ ആഘോഷമായതും...) പൂക്കളം തീര്‍ക്കാതെ, വിളക്കിനുമുന്നില്‍ (ചിലര്‍ മണ്ണുകൊണ്ട് കാമദേവരൂപം ഉണ്ടാക്കി അതിനു മുന്നിലും) പൂവ് കൈകുമ്പിളില്‍ എടുത്ത് ഇടുകമാത്രമാണ് 'പൂവിടല്‍' കൊണ്ട് ഉദ്ദേശിക്കുന്നത്... വീട്ടിലെ എല്ലാ സ്ത്രീജനങ്ങളും പൂവിടണം...
അവസാന ദിവസം ഈ പൂക്കള്‍ ഉപയോഗിച്ച് ഒരു 'കാമദേവ രൂപം' ഉണ്ടാക്കുന്നു... പിന്നീട് 'കാമനെ അയക്കല്‍' ചടങ്ങാണ്... പ്രാര്‍ത്ഥനകള്‍‌ക്കു ശേഷം ഈ പൂക്കള്‍ ഒരു വട്ടി(കൂട)യിലാക്കി, പാട്ടുകളുടെയും, മണികളുടെയും, കുരവകളുടെയും അകമ്പടിയോടെ വീടിനു പുറത്ത് (പ്ലാവിനു കീഴില്‍) വൈക്കുന്നു; ഒപ്പം കാമദേവപ്രതിമയും, 'ഇലയട' എന്നു വിളിക്കപ്പെടുന്ന അപ്പവും... ശേഷം 'ഇലയട' കഴിച്ച് ആഘോഷം അവസാനിപ്പിക്കുന്നു.... നല്ല പതിയെ കിട്ടാനാണീ ചടങ്ങെന്നു പറഞ്ഞു കേള്‍‌ക്കുന്നു... (കാമദേവന്‍ കഥപാത്രമായതുകൊണ്ട് അത് ശരിയാവാന്‍ വകയുണ്ട്.!)
പൂവിടലിനു ഉപയോഗിക്കുന്ന പൂവും വ്യത്യസ്തമാണ്... സാധാരണ ആഘോഷങ്ങള്‍ക്ക് അധികം നിഷ്കര്‍ഷിക്കപ്പെട്ടു കാണാത്ത പാലപ്പൂ, ചെമ്പോത്തിന്‍‌പൂ, അതിരാണിപ്പൂ, ജഡപ്പൂ (നാടന്‍ പേരുകള്‍) തുടങ്ങിയ പൂക്കളാണ് പൂരത്തിന് മുഖ്യന്മാര്‍...











<="ജഡപ്പൂവ്"





പൂരംനാളുകളില്‍ ക്ഷേത്രങ്ങളില്‍, പ്രത്യേകിച്ചും ഭഗവതി ക്ഷേത്രങ്ങളില്‍ ആഘോഷച്ചടങ്ങുകള്‍ പലതും നടത്തപ്പെടാറുണ്ട്... പൂരക്കളി, പൂരംകുളി, തിടമ്പുനൃത്തം തുടങ്ങിയവയഅണ് മുഖ്യം.....

ഏതൊരാഘോഷത്തിനും അവയുമായി ബന്ധപ്പെട്ടു ചില കളികളും കാണാം.. പൂരവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന കളിയാണ് 'പൂരക്കളി'... പൂരോത്സവം പെണ്‍കുട്ടികളുടേതാണെങ്കിലും 'പൂരക്കളി' ആണ്‍കുട്ടികളാണു കളിക്കുന്നതെന്നത് ഒരു വിരോധാഭാസം തന്നെ..!! ഭഗവതിക്കാവുകളിലാണു പൂരക്കളി നടത്താറുള്ളത്.. ആണ്‍കുട്ടികള്‍ ചില പാട്ടുകളൊക്കെ പാടിയും, ഉയര്‍ന്നു ചാടിയും മറ്റും കൈകൊട്ടിക്കളിക്കുന്നതാണ് പൂരക്കളി... പാട്ടുകളുടെ ഇതിവൃത്തമായി വടക്കന്‍പാട്ടുകളിലെ കഥകളും, വീരകഥകളും ഒക്കെയാണ് കണ്ടുവരുന്നത്.... ഇന്നു ഏതാണ്ട് ചില പ്രധാന ക്ഷേത്രങ്ങളിലും, കലോത്സവ വേദികളിലും മാത്രമായി പൂരക്കളി ഒതുങ്ങിക്കഴിഞ്ഞു... എങ്കിലും പൂരനാളുകളില്‍ ഇന്നും ക്ഷേത്രങ്ങള്‍ പൂരക്കളിയുടെ പകിട്ടില്‍ മുങ്ങുന്നു.... കൂട്ടായ്മകളെ എന്നും പ്രോത്സാഹിപ്പിക്കുന്ന ഗ്രാമീണതയ്ക്കു ഇതു വെറും വിശ്വാസത്തിലുപരി ഒരു ജീവിതശൈലിയാണ്... സംഘടിത മനസ്സുകളില്‍ മാത്രം ഉടലെടുക്കുന്ന ഇത്തരം കളികളും, ആഘോഷങ്ങളും ഒരു സംസ്കാരമായിമാറുമ്പോള്‍ 'ഞാനും നീയും' എന്ന കാഴ്ചപ്പാടു വിട്ട് 'നമ്മള്‍' എന്ന കാഴ്ചപ്പടിലേക്കു സമൂഹം മാറുന്നു....







<="പൂരക്കളി"





പൂരോത്സവത്തോടൊപ്പം നടത്തപ്പെടുന്ന മറ്റൊരാചാരമാണ് 'പൂരം കുളി'... ക്ഷേത്രങ്ങളിലാണ് ഇതും നടത്തപ്പെടുന്നത്... സാധാരണയായി 'ആറാട്ട്' എന്ന പേരില്‍ നടത്തപ്പെടുന്ന പരിപാടി തന്നെയാണ് ഈ 'പൂരംകുളി'യും.... ഭഗവതിക്ഷേത്രങ്ങളിലെ ദേവീ വിഗ്രഹം കാര്‍‌മികന്‍ തലയിലേറ്റി നദിയിന്‍ മുങ്ങുന്നതാണ് ചടങ്ങ്... ദേവിയുടെ നീരാട്ടായി ഇതിനെ ഭക്തര്‍ കണക്കാക്കുന്നു... (അതേവേളയില്‍ മറ്റു ഭക്തജനങ്ങളും നദിലില്‍ മുങ്ങാറുണ്ട്...) ഇതിനെ 'ആറാട്ട്' എന്നും പറയാറുണ്ട്.... പൂരനാളില്‍ നടത്തുന്നതുകൊണ്ട് 'പൂരം കുളിയായി'... അത്രമാത്രം....
തിടമ്പുനൃത്തവും ക്ഷേത്രാചാരങ്ങളിലൊന്നു തന്നെ... ദേവിയുടെ രൂപത്തെതന്നെയാണു 'തിടമ്പ്' എന്നു വിളിക്കുന്നത്... പ്രത്യേക രീതിയിലുള്ള, വളരെ താളാത്മകമായ ചുവടുവയ്പ്പാണ് തിടമ്പു നൃത്തത്തിന്റേത്... ഈ നൃത്തം അഭ്യസിച്ച കലാകാരന്മാരാണ് നൃത്തമവതരിപ്പിക്കുന്നത്... ക്ഷേത്രത്തിനു ചുറ്റും, ദേവിയുടെ തിടമ്പുമായി കലാകാരന്‍ നൃത്തച്ചുവടുകളോടെ മൂന്നു വലം വയ്ക്കുന്നു.... ഇതുതന്നെയാണ് 'തിടമ്പുനൃത്തം' എന്നതുകൊണ്ടുദ്ദേശിക്കുന്നത്... ചെണ്ട, ഇലത്താളം തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയും ഉണ്ടാവും....
"പൂരമെന്നു പറഞ്ഞാ അന്നത്തേതാ പൂരം.. വൈകുന്നേരായാല് കൂടയുമെടുത്തു ഞങ്ങള് പെങ്കുട്ട്യോള് പൂപറിക്കനെറങ്ങും.. അപ്പൊ ആങ്കുട്ട്യോളു മരത്തില് കയറി പൂ പറിച്ചു തരണം.. അതാ നിയമം... ഏഴു ദിവസം ഉത്സവാ അന്നൊക്കെ... ഇപ്പൊ എല്ലാം ഒരെണ്ണമൊപ്പിക്കാന്‍... ഇന്നത്തെ പൂരത്തിനു എന്തു രസം?"
80 കഴിഞ്ഞ മുത്തശ്ശിയുടെ ഈ വാക്കുകളില്‍ അന്നത്തെ കൂട്ടായ്മയില്‍ വിരിയുന്ന ആഹ്ലാദം മാത്രമല്ല, അറ്റു പോകുന്ന ഹൃദയ ബന്ധങ്ങളില്‍ നമുക്കു നഷ്ടമാകുന്ന പലതും ഒരാശങ്കയായി നിഴലിക്കുന്നു......



[സഹായം: [സതീഷ്.എം satheesh.mankulam@gmail.com]



.