Sunday, April 5, 2009

.

പൂരം.....

കേരളത്തിലെ, മലബാര്‍ മലയാളികളുടെ ഒരു ആഘോഷമാണ് പൂരം... പേര് സൂചിപ്പിക്കുംപോലെ പൂക്കളുടെ ആഘോഷം തന്നെയാണു പൂരം.. സ്ത്രീകളുടെ, പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ ആഘോഷമായ പൂരം, മീനമാസത്തിലെ മകയിരം മുതല്‍ ഏഴു ദിവസമാണു (ചിലര്‍ കാര്‍‌ത്തിക മുതല്‍ 9 ദിവസം) ആഘോഷിക്കുന്നത്... ഈ ദിവസങ്ങളിലെല്ലാം വീടുകളില്‍ സ്ത്രീകള്‍ അതിരാവിലെതന്നെ കുളിച്ച് 'പൂവിടുന്നു'... (ഇതിനെ ചിലര്‍ സൗകര്യാര്‍ത്ഥം മൂന്ന്, അഞ്ച്, ഒമ്പത് ദിവസങ്ങളിലായും ആഘോഷിക്കുന്നു.)











<="പൂവിടല്‍"






ഓണത്തിനു പൂവിടുന്നതുപോലെ മുറ്റത്തല്ല, മറിച്ച് വീട്ടിനുള്ളില്‍ തന്നെ, പൂജാമുറിയിലൊ മറ്റോ ആയിരിക്കും ഈ ചടങ്ങ്... വിഷുക്കണിക്കൊക്കെ ഉള്ളതുപോലെയുള്ള സജ്ജീകരണങ്ങള്‍ പൂരത്തിനും കാണാം... 'കാമദേവ'നാണ് ഈ വേളകളിലൊക്കെ സ്മരിക്കപ്പെടുന്നത്... (അതുകൊണ്ടു തന്നെയാണു ഇതു പെണ്കുട്ടികളുടെ ആഘോഷമായതും...) പൂക്കളം തീര്‍ക്കാതെ, വിളക്കിനുമുന്നില്‍ (ചിലര്‍ മണ്ണുകൊണ്ട് കാമദേവരൂപം ഉണ്ടാക്കി അതിനു മുന്നിലും) പൂവ് കൈകുമ്പിളില്‍ എടുത്ത് ഇടുകമാത്രമാണ് 'പൂവിടല്‍' കൊണ്ട് ഉദ്ദേശിക്കുന്നത്... വീട്ടിലെ എല്ലാ സ്ത്രീജനങ്ങളും പൂവിടണം...
അവസാന ദിവസം ഈ പൂക്കള്‍ ഉപയോഗിച്ച് ഒരു 'കാമദേവ രൂപം' ഉണ്ടാക്കുന്നു... പിന്നീട് 'കാമനെ അയക്കല്‍' ചടങ്ങാണ്... പ്രാര്‍ത്ഥനകള്‍‌ക്കു ശേഷം ഈ പൂക്കള്‍ ഒരു വട്ടി(കൂട)യിലാക്കി, പാട്ടുകളുടെയും, മണികളുടെയും, കുരവകളുടെയും അകമ്പടിയോടെ വീടിനു പുറത്ത് (പ്ലാവിനു കീഴില്‍) വൈക്കുന്നു; ഒപ്പം കാമദേവപ്രതിമയും, 'ഇലയട' എന്നു വിളിക്കപ്പെടുന്ന അപ്പവും... ശേഷം 'ഇലയട' കഴിച്ച് ആഘോഷം അവസാനിപ്പിക്കുന്നു.... നല്ല പതിയെ കിട്ടാനാണീ ചടങ്ങെന്നു പറഞ്ഞു കേള്‍‌ക്കുന്നു... (കാമദേവന്‍ കഥപാത്രമായതുകൊണ്ട് അത് ശരിയാവാന്‍ വകയുണ്ട്.!)
പൂവിടലിനു ഉപയോഗിക്കുന്ന പൂവും വ്യത്യസ്തമാണ്... സാധാരണ ആഘോഷങ്ങള്‍ക്ക് അധികം നിഷ്കര്‍ഷിക്കപ്പെട്ടു കാണാത്ത പാലപ്പൂ, ചെമ്പോത്തിന്‍‌പൂ, അതിരാണിപ്പൂ, ജഡപ്പൂ (നാടന്‍ പേരുകള്‍) തുടങ്ങിയ പൂക്കളാണ് പൂരത്തിന് മുഖ്യന്മാര്‍...











<="ജഡപ്പൂവ്"





പൂരംനാളുകളില്‍ ക്ഷേത്രങ്ങളില്‍, പ്രത്യേകിച്ചും ഭഗവതി ക്ഷേത്രങ്ങളില്‍ ആഘോഷച്ചടങ്ങുകള്‍ പലതും നടത്തപ്പെടാറുണ്ട്... പൂരക്കളി, പൂരംകുളി, തിടമ്പുനൃത്തം തുടങ്ങിയവയഅണ് മുഖ്യം.....

ഏതൊരാഘോഷത്തിനും അവയുമായി ബന്ധപ്പെട്ടു ചില കളികളും കാണാം.. പൂരവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന കളിയാണ് 'പൂരക്കളി'... പൂരോത്സവം പെണ്‍കുട്ടികളുടേതാണെങ്കിലും 'പൂരക്കളി' ആണ്‍കുട്ടികളാണു കളിക്കുന്നതെന്നത് ഒരു വിരോധാഭാസം തന്നെ..!! ഭഗവതിക്കാവുകളിലാണു പൂരക്കളി നടത്താറുള്ളത്.. ആണ്‍കുട്ടികള്‍ ചില പാട്ടുകളൊക്കെ പാടിയും, ഉയര്‍ന്നു ചാടിയും മറ്റും കൈകൊട്ടിക്കളിക്കുന്നതാണ് പൂരക്കളി... പാട്ടുകളുടെ ഇതിവൃത്തമായി വടക്കന്‍പാട്ടുകളിലെ കഥകളും, വീരകഥകളും ഒക്കെയാണ് കണ്ടുവരുന്നത്.... ഇന്നു ഏതാണ്ട് ചില പ്രധാന ക്ഷേത്രങ്ങളിലും, കലോത്സവ വേദികളിലും മാത്രമായി പൂരക്കളി ഒതുങ്ങിക്കഴിഞ്ഞു... എങ്കിലും പൂരനാളുകളില്‍ ഇന്നും ക്ഷേത്രങ്ങള്‍ പൂരക്കളിയുടെ പകിട്ടില്‍ മുങ്ങുന്നു.... കൂട്ടായ്മകളെ എന്നും പ്രോത്സാഹിപ്പിക്കുന്ന ഗ്രാമീണതയ്ക്കു ഇതു വെറും വിശ്വാസത്തിലുപരി ഒരു ജീവിതശൈലിയാണ്... സംഘടിത മനസ്സുകളില്‍ മാത്രം ഉടലെടുക്കുന്ന ഇത്തരം കളികളും, ആഘോഷങ്ങളും ഒരു സംസ്കാരമായിമാറുമ്പോള്‍ 'ഞാനും നീയും' എന്ന കാഴ്ചപ്പാടു വിട്ട് 'നമ്മള്‍' എന്ന കാഴ്ചപ്പടിലേക്കു സമൂഹം മാറുന്നു....







<="പൂരക്കളി"





പൂരോത്സവത്തോടൊപ്പം നടത്തപ്പെടുന്ന മറ്റൊരാചാരമാണ് 'പൂരം കുളി'... ക്ഷേത്രങ്ങളിലാണ് ഇതും നടത്തപ്പെടുന്നത്... സാധാരണയായി 'ആറാട്ട്' എന്ന പേരില്‍ നടത്തപ്പെടുന്ന പരിപാടി തന്നെയാണ് ഈ 'പൂരംകുളി'യും.... ഭഗവതിക്ഷേത്രങ്ങളിലെ ദേവീ വിഗ്രഹം കാര്‍‌മികന്‍ തലയിലേറ്റി നദിയിന്‍ മുങ്ങുന്നതാണ് ചടങ്ങ്... ദേവിയുടെ നീരാട്ടായി ഇതിനെ ഭക്തര്‍ കണക്കാക്കുന്നു... (അതേവേളയില്‍ മറ്റു ഭക്തജനങ്ങളും നദിലില്‍ മുങ്ങാറുണ്ട്...) ഇതിനെ 'ആറാട്ട്' എന്നും പറയാറുണ്ട്.... പൂരനാളില്‍ നടത്തുന്നതുകൊണ്ട് 'പൂരം കുളിയായി'... അത്രമാത്രം....
തിടമ്പുനൃത്തവും ക്ഷേത്രാചാരങ്ങളിലൊന്നു തന്നെ... ദേവിയുടെ രൂപത്തെതന്നെയാണു 'തിടമ്പ്' എന്നു വിളിക്കുന്നത്... പ്രത്യേക രീതിയിലുള്ള, വളരെ താളാത്മകമായ ചുവടുവയ്പ്പാണ് തിടമ്പു നൃത്തത്തിന്റേത്... ഈ നൃത്തം അഭ്യസിച്ച കലാകാരന്മാരാണ് നൃത്തമവതരിപ്പിക്കുന്നത്... ക്ഷേത്രത്തിനു ചുറ്റും, ദേവിയുടെ തിടമ്പുമായി കലാകാരന്‍ നൃത്തച്ചുവടുകളോടെ മൂന്നു വലം വയ്ക്കുന്നു.... ഇതുതന്നെയാണ് 'തിടമ്പുനൃത്തം' എന്നതുകൊണ്ടുദ്ദേശിക്കുന്നത്... ചെണ്ട, ഇലത്താളം തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയും ഉണ്ടാവും....
"പൂരമെന്നു പറഞ്ഞാ അന്നത്തേതാ പൂരം.. വൈകുന്നേരായാല് കൂടയുമെടുത്തു ഞങ്ങള് പെങ്കുട്ട്യോള് പൂപറിക്കനെറങ്ങും.. അപ്പൊ ആങ്കുട്ട്യോളു മരത്തില് കയറി പൂ പറിച്ചു തരണം.. അതാ നിയമം... ഏഴു ദിവസം ഉത്സവാ അന്നൊക്കെ... ഇപ്പൊ എല്ലാം ഒരെണ്ണമൊപ്പിക്കാന്‍... ഇന്നത്തെ പൂരത്തിനു എന്തു രസം?"
80 കഴിഞ്ഞ മുത്തശ്ശിയുടെ ഈ വാക്കുകളില്‍ അന്നത്തെ കൂട്ടായ്മയില്‍ വിരിയുന്ന ആഹ്ലാദം മാത്രമല്ല, അറ്റു പോകുന്ന ഹൃദയ ബന്ധങ്ങളില്‍ നമുക്കു നഷ്ടമാകുന്ന പലതും ഒരാശങ്കയായി നിഴലിക്കുന്നു......



[സഹായം: [സതീഷ്.എം satheesh.mankulam@gmail.com]



.

4 comments:

Unknown said...

nice idea.... good language....

Unknown said...

nalla info da

Unknown said...

goooooooooood

.. said...

It is not palappoo, it is chempakappoo!!