Tuesday, September 1, 2009

ഓണം.... പൊന്നോണം........




















ആഘോഷങ്ങള്‍ക്കു പേരുകേട്ട മലയാളനാടിന്റെ ആത്മാവിനെ സ്പര്‍‌ശിച്ചുകൊണ്ട് മറ്റൊരു ആഘോഷക്കാലം കൂടി വന്നണഞ്ഞു.... പൊന്നോണം.....

പൂവും, പൂവിളികളും ഒരുപിടി വിശ്വാസങ്ങളുമായി മറ്റൊരു കേരളീയ ആഘോഷം കൂടി....
‘മലയാളത്തിന്റെ ദേശീയോത്സവമാണ്‘* എന്ന വിശേഷണം തന്നെ ഓണത്തിന്റെ കിരീടത്തിലെ പൊന്‍‌തൂവല്‍...!! ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതി മത ഭേദമെന്യേ ഓണം ആഘോഷിക്കുന്നു.... പൂക്കളിറുത്തും, പൂക്കളം തീര്‍‌ത്തും നാട്ടിന്‍‌പുറത്തുകാര്‍ ഒരുമിച്ച് ഓണത്തെ വരവേല്‍ക്കുമ്പോള്‍ നഗരങ്ങളില്‍ അത് കുടുംബങ്ങളില്‍ മാത്രമായി ഒതുങ്ങുന്നു.... എന്നിരുന്നാലും കൂട്ടായ്മ തന്നെ സുപ്രധാനം....

പലപല ഐതിഹ്യങ്ങളും, ചരിത്രങ്ങളും ഓണത്തെ കുറിച്ച് നിലവിലുണ്ടെങ്കിലും ഓണത്തെ ഒരു ‘വിളവെടുപ്പുത്സവ‘മായി കാണുന്നതാണ് കൂടുതല്‍ ഉചിതം എന്നു തോന്നുന്നു... ഒരു വലിയ കാര്‍‌ഷിക സമൂഹത്തില്‍ വലിയൊരു വിളവെടുപ്പുത്സവമായ ഓണം അല്പം വിപുലമായല്ലാതെ എങ്ങനെ ആഘോഷിക്കാന്‍.... അതുകൊണ്ടുതന്നെ പ്രധാനമായ പത്ത് ദിവസത്തെ ആഘോഷമാണ് ഓണം‍...! മലയാളമാസം ചിങ്ങത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു...

തൃക്കാക്കരയാണ് ഓണാഘോഷത്തിന്റെ ഉദ്‌ഭവസ്ഥാനമായി പറയുന്നതെങ്കിലും കൊയ്ത്തുത്സവമായതിനാല്‍ അത്തരത്തില്‍ ഒരു പ്രസ്ഥാവന വലിയ അടിയുറപ്പുള്ളതായി കാണാന്‍ കഴിയില്ല എന്നു തോന്നുന്നു....

നിരവധിയായ ഐതിഹ്യങ്ങളും, വിശ്വാസങ്ങളും ഓണത്തെസംബന്ധിച്ച് നിലനില്‍ക്കുന്നു... എന്നിരുന്നാലും ‘മഹാബലി’ എന്ന അസുര രാജാവിന്റെ ത്യാഗപൂര്‍‌ണ്ണമായ ഭരണത്തില്‍ അസൂയപൂണ്ട ദേവകളുടെ അപേക്ഷ പരിഗണിച്ച്, വാമനന്‍ എന്നപേരില്‍ ബ്രാഹ്മണവേഷത്തില്‍ എത്തിയ മഹാവിഷ്ണു മഹാബലിയെ പാതാളത്തിലേക്കു താഴ്ത്തി എന്നും, ആണ്ടിലൊരിക്കല്‍ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന്‌ അനുവാദം നല്‍കിയെന്നും, അങ്ങനെ ഒരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നു എന്നുമാണ് ജനങ്ങളുടെ ഇടയില്‍ പ്രബലമായുള്ള വിശ്വാസം...
വിശ്വാസമെന്തായാലും ഓണത്തെ മലയാളികള്‍ സമുചിതമായിത്തന്നെ ആഘോഷിച്ചുവരുന്നു.....

“മാവേലി നാടുവാണീടും കാലം....
മാനുഷരെല്ലാരും ഒന്നുപോലെ...
കള്ളവുമില്ല ചതിയുമില്ലാ...
എള്ളോളമില്ലാ പോളിവചനം....”
എന്നിങ്ങനെയുള്ള ഓണപ്പാട്ടുകള്‍ മലയാളികളുടെ മനസ്സില്‍ രൂഡ്ഢമൂലമായിക്കിടക്കുന്ന ഒരു വിശ്വാസത്തില്‍നിന്നും രൂപം കൊള്ളുന്ന ഗൃഹാതുരത്വത്തെ സൂചിപ്പിക്കുന്നു....
എന്തുതന്നെ ആയാലും കൂട്ടായ്മയും അതിലെ വൈവിധ്യവുമാണല്ലൊ നമുക്ക് മുഖ്യം..!!















വൈവിധ്യങ്ങളുടെ കാര്യത്തില്‍ മുന്‍‌പന്തിയില്‍ തന്നെയാണ് ഓണം.... പൂവിറുത്തും, പൂക്കളം തീര്‍ത്തും, ഓണക്കോടിയുടുത്തും, ഓണക്കളികള്‍ കളിച്ചും, ഓണസദ്യയുണ്ടും മുമ്പത്തെ മലയാളം ഓണത്തെ വരവേറ്റു.... ടെലിവിഷനും, കമ്പ്യൂട്ടറും, ഓണച്ചന്തകളും ഇന്നത്തെ ഓണാഘോഷത്തെ വിലയ്ക്കെടുത്തുവെങ്കിലും അടിസ്ഥാനമാറ്റമില്ലാതെ ഇന്നും ഓണം മലയാളമനസ്സുകളില്‍ നിലനില്‍ക്കുന്നു....

തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. 'അത്തം പത്തോണം' എന്നൊരു ചൊല്ലും പ്രചാരത്തിലുണ്ട്...
പൂക്കളമാണ് ഓണത്തിലെ മുഖ്യന്‍.... ചിങ്ങത്തിലെ അത്തംനാള്‍ മുതലാ‍ണ് പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നത്.. (വെടിപ്പാക്കിയ മുറ്റത്ത് [പണ്ടുകാലത്ത് ചാണകം മെഴുകിയിരിക്കണം എന്നാ.!] വൃത്താകൃതിയില്‍ പൂവിടുന്നു എന്നറിയാത്ത മലയാളികള്‍ കാണില്ലല്ലൊ!?) ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ എന്നാണ് നിഷ്‌കര്‍‌ഷ... ചുവന്ന പൂവിടാനും പാടില്ല.! രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ കൊണ്ട് രണ്ടു നിര, മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു... ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിക്ക് പൂക്കളത്തില്‍ സ്ഥാനമുള്ളൂ... ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്‌... [ഇന്ന് ഉത്രാടം ആണെന്നറിയാല്ലൊ?] മൂലം നാളീല്‍ ചതുരാക്രിതിയിലാണ് പൂക്കളം ഒരുക്കേണ്ടതത്രെ...

“പൂവേപൊലി പൂവേപൊലി പൂവേപൊലി പൂവേ” എന്ന വായ്ത്താരി ഓണനാളില്‍ മുഴങ്ങക്കേള്‍ക്കാം... പൂപറിക്കുമ്പോള്‍ പാടുന്നതാണ് അത്....

ഉത്രാടം വരെ അത്രയെ ഉള്ളൂ ചടങ്ങ്.... തിരുവോണനാളില്‍ രാവിലെ കുളിച്ച് ഓണക്കോടി ധരിക്കുന്നു... തുടര്‍ന്ന് ഓണത്തപ്പനെ പൂജിക്കുന്നു.... കളിമണ്ണുകൊണ്ട് മുന്നേതന്നെ ഓണത്തപ്പനെ സങ്കല്പിച്ച് രൂപങ്ങള്‍ ഉണ്ടാക്കും.... അടയും മറ്റുമൊക്കെ നേദിക്കുന്ന ചടങ്ങും ഉണ്ട്.... ചടങ്ങിനേക്കാളുപരി പ്രധാനം ഇവിടെയൊക്കെ വിരിയുന്ന കൂട്ടായ്മയാണ്.... ബന്ധുമിത്രാദികള്‍ എല്ലാവരും ഓണത്തിനു ഒത്തുകൂടുന്നു... ഒരുമിച്ചുള്ള ആഘോഷങ്ങളും....

പിന്നീട് നിരവധിയായ ഓണക്കളികള്‍....
പുലിക്കളി, തുമ്പിതുള്ളല്‍, കൈകൊട്ടിക്കളി, കുമ്മാട്ടി, ഓണത്ത്ല്ല്, തലപ്പന്ത് എന്നിങ്ങനെ എത്രയെത്ര ഓണക്കളികള്‍..!! പലരും ഇതൊക്കെ മറന്നമട്ടാ..... ഇന്നെല്ലാര്‍‌ക്കും ക്രിക്കറ്റും മറ്റുമല്ലെ.... അതും എല്ലാര്‍‌ക്കും കളിക്കുന്നതിനേക്കാള്‍ ടിവിയില്‍ കാണലാ മുഖ്യം.....

ഓണക്കളികളിലെ പ്രധാനികളെ ഇവിടെ വായിക്കാം..,

......പുലിക്കളി.....













വര്‍‌ഷങ്ങള്‍ പഴക്കമുള്ളതും, ഓണക്കാലത്ത് ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായ ഒന്നാണ് പുലിക്കളി.... ഇന്നും ഘോഷയാത്രകളിലും മറ്റുമായി പുലിക്കളി കാണാവുന്നതാണ്.... മെയ്‌വഴക്കവും, കായികാരോഗ്യവും, ഹാസ്യവുമൊക്കെ ഈ കളിക്കു നിര്‍‌ബന്ധം.... പലപല തമാശകളും, കോപ്രായങ്ങളും കാണിച്ച്, പുലിയുടെ വേഷത്തില്‍ കളിക്കാര്‍ കാഴ്ചക്കാരെ രസിപ്പിക്കുന്നു... ഒരു വേട്ടക്കാരനെയും കാണാറുണ്ട്....

......കൈകൊട്ടിക്കളി.......
സ്ത്രീകളുടെ ഓണവിനോദങ്ങളില്‍ പ്രഥമസ്ഥാനമാണ്‌ കൈകൊട്ടിക്കളിക്കുള്ളത്‌... പൂക്കളത്തിനു ചുറ്റും നടത്തിവരുന്ന കൈകൊട്ടിക്കളി വീടുകളുടെ ഉള്‍ത്തടങ്ങളിലും നടത്താറുണ്ട്‌. ഒരാള്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ഒപ്പം വട്ടത്തില്‍ നിന്ന്‌ ചുവടുവച്ച്‌ കൈകൊട്ടിക്കളിക്കുകയുമാണ്‌ പതിവ്‌.. കൂട്ടായ്മയും മറ്റുമൊക്കെ വിഷയമാകുന്ന പാട്ടിന് മലയാളിയുടെ ഗോത്രസംസ്കാരത്തിന്റെ ചുവ കല്പിക്കാവുന്നതാണ്....

.......കുമ്മാട്ടി/ ഓണക്കുമ്മാട്ടി.......













തൃശൂര്‍, പാലക്കാട്, വയനാട് ഭാഗങ്ങളില്‍ നിലവിലുള്ള കളിയാണ് കുമ്മാട്ടി... ഓണക്കളി എന്നതിലുപരി പല ആഘോഷ-വിശ്വാസങ്ങള്‍ക്കനുബന്ധമായും കുമ്മാട്ടി നടത്തപ്പെടുന്നുണ്ട്...

........ഓണത്തല്ല്......

ഓണക്കാല വിനോദങ്ങളില്‍ പഴക്കമേറിയ ഒരു ഒന്നാണ് ഓണത്തല്ല്‌.. കളരിയിലെ ഗുസ്തിയുമായിട്ടാണ് ഓണത്തല്ലിനു സാമ്യമെങ്കിലും, ഇന്നു നടത്തപ്പെടുന്ന ഓണത്തല്ല് തികച്ചും കാലാനുസൃതമായി മാറിയ പുതിയ ഒരു കളിയാണ്....
‘തുറന്നകൈകൊണ്ടു മാത്രമെ തല്ലാവൂ, ഒരാള്‍ ജയിക്കാതെ കളം വിടരുത്‘ തുടങ്ങി നിരവധിയായ നിയമങ്ങള്‍ ഇതിലനുവര്‍‌ത്തിക്കേണ്ടതുണ്ട്....

........തലപ്പന്ത് കളി.....


ചുറുചുറുക്കുള്ള യുവാക്കളും, കുട്ടികളും കളിക്കുന്ന ഒരു ഓണക്കളിയാണിത്.... നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പില്‍ നിന്ന് കുറച്ചകലത്തില്‍ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിതെറിപ്പിച്ച് കളി തുടരുന്നു. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി പിടിക്കുന്നവന് കൈപ്പിടിയില്‍ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോല്‍ തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാല്‍ പന്ത് തട്ടിയ ആള്‍ കളിക്ക് പുറത്താകും... ഇങ്ങനെ കളി തുടരുന്നു... ഒരുപാട് വൈവിധ്യങ്ങളും ഈ കളിയില്‍ നിലവിലുണ്ട്....

ഓണക്കളികളിലെ ചില സുപ്രധാനികള്‍ മാത്രമാണിവയൊക്കെ.... നൂറായിരം കളികള്‍ വേറെയും ഉണ്ട്....

പരമ്പരാഗതമാ‍യ ഈ കളികളില്‍ നിന്നു വിഭിന്നമായി പിന്നീടുവന്ന പലകളികളും ഇന്ന് പിന്തുടര്‍‌ന്നു പോരുന്നു.... എതായാലും കളികള്‍ അവിഭാജ്യ ഘടകം തന്നെ.... ഇന്നത്തെ ടിവിയും മറ്റും തട്ടിയെടുക്കുന്നതും ഈ ആഘോഷപ്പൊലിമയെത്തന്നെ.... ടിവിയൊരുക്കുന്ന ദൃശ്യവിരുന്നില്‍ മാത്രം ശ്രദ്ധിക്കുന്ന പുതുമലയാളിക്ക് നഷ്ടമാവുന്നതും ഇത്തരം ചില വിലപ്പെട്ട കൂട്ടുത്സവങ്ങളും, ആഘോഷങ്ങളും തന്നെ.....

ഓണക്കളികള്‍ക്ക് ഇടവേളയായി ഉച്ച്യ്ക്ക് ഒരോണ സദ്യ.... വൈവിധ്യമാര്‍‌ന്ന കേരളീയവിഭവങ്ങളെല്ലാം നിരക്കുന്ന ഈ ഗംഭീര സദ്യ ഓണത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്....
അതിനോടനുബന്ധിച്ച് “കാണം വിറ്റും ഓണം ഉണ്ണണം” എന്നൊരു ചൊല്ലുതന്നെ ഉണ്ട്....

.....ഓണത്തെയ്യം.....















<-ഓണത്താര്‍



തെയ്യങ്ങളുടെ നടായ ഉത്തരകേരളത്തില്‍ ഓണക്കാലത്തുമാത്രം എത്തുന്ന ‘ഓണത്തെയ്യ’ങ്ങളെ കാണാം... മഹാബലി സങ്കല്പത്തില്‍ വരുന്ന ഈ തെയ്യത്തെ ‘ഓണത്താര്‍‌‘ എന്നു വിളിക്കുന്നു.... ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളില്‍ ചെറിയ ആണ്‍കുട്ടികളാണ്‌ ഓണത്താര്‍ തെയ്യം കെട്ടുക. മുഖത്ത്‌ തേപ്പും ചെറിയ മുടിയും വലതുകൈയ്യില്‍ മണിയും ഇടതുകൈയ്യില്‍ ഓണവില്ലു**മായി തെയ്യം വീടുതോറും എത്തുന്നു.... ഒപ്പം ചെണ്ടയും, പാട്ടും ഉണ്ടാവും... കണ്ണൂര്‍ ജില്ലയില്‍ ഓണത്തെയ്യങ്ങള്‍ ഇപ്പോഴും സര്‍‌വ്വസാധാരണമായി കാണാം...
കൂടാതെ വേലന്‍ തുള്ളല്‍, ഓണപ്പൊട്ടന്‍ തുടങ്ങി വേറെയും ഓണത്തെയ്യരൂപങ്ങള്‍ നിലവിലുണ്ട്...









<-ഓണവില്ല്

ഒരുമിച്ച് പണിയെടുത്ത്, ഒരുമിച്ച് ഭക്ഷിച്ച്, ഒരുമിച്ച് വിനോദിക്കുന്ന ഒരു പഴയ ഗോത്ര സംസ്കാരത്തിന്റെ ബാക്കിപത്രമാണ് നാമിന്നു കാണുന്ന ഈ ആഘോഷങ്ങളെല്ലാം...
ബന്ധങ്ങള്‍ക്കു വിലകല്പിച്ചിരുന്ന ഭൂതകാലപാരമ്പര്യമുള്ളവരായി നാമെല്ലാം മാറുമ്പോഴും, നാമറിയാതെ ഈ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന ഒരു വലിയ കടമയാണ് ഇത്തരം ആഘോഷങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്.... ഒരുമിച്ച് സമയം ചെലവഴിച്ചും, സ്വന്തമായുള്ളതു പങ്കുവെച്ചും കൊണ്ടാടപ്പെടുന്ന ഈ ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്....
ഇതൊന്നുമില്ലാത്ത ഒരു വിഭാഗത്തെ വിസ്മരിക്കുന്നില്ല... എന്നാല്‍ അവിടെ ആവശ്യമായ സ്നേഹവും, സാഹോദര്യവും ഉറപ്പിക്കാന്‍ ഈ ആഘോഷങ്ങള്‍ക്കും പങ്കുവഹിക്കാനുണ്ട്... കാലിനടിയിലെ മണ്ണൊലിച്ചുപോകുന്നത് തടയാതെ മുന്നോട്ടുപോക്ക് ദു:ഷ്ക്കരമല്ലെ..!..


ആഘോഷിക്കുക.... കൂട്ടുകൂടുക.... കൂട്ടായ്മയില്‍ പുലരുക.....
ഒപ്പം, അതിനു സാഹചര്യമില്ലാത്തവനെയും ഉള്‍ചേര്‍ക്കുക....

എല്ലാവര്‍ക്കും നല്ലൊരു ഓണം ആശംസിക്കുന്നു......



[**പന, കവുങ്ങ്, മുള തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു സങീതോപകരണമാണ് ഓണവില്ല്.. ഓണക്കാലത്തു മാത്രമെ ഇതു വായിക്കൂ... ഇന്ന് ഇത് ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു...]


[*ഓണം മലയാളത്തിന്റെ ഉത്സവമല്ല എന്ന എതിരഭിപ്രായവും പ്രബലമാണ്... ഇവിടെ]