Monday, May 25, 2009

ആരവങ്ങളുമായി വീണ്ടുമൊരു മഴക്കാലം കൂടി.....















സൂര്യന്‍ കുടിച്ചു വറ്റിച്ച മണ്ണിന്‍‌ഞരമ്പുകളില്‍ ജീവരക്തമായിക്കൊണ്ട്,
നനുത്ത ആ തുള്ളികള്‍ പ്രവഹിച്ചു തുടങ്ങി.....
ആരവങ്ങളുമായി വീണ്ടുമൊരു മഴക്കാലം കൂടി.....

പുതുമയുടെ കാലമാണ് മഴക്കാലം....
പ്രകൃതിതന്നെ ഋതുമതിയാകുന്ന,
എങ്ങും പച്ചപ്പുപരത്തിക്കൊണ്ട് തളിരുകള്‍ തലപൊക്കുന്ന,
പുതിയൊരു ഊര്‍‌ജ്ജവും, ആര്‍‌ജ്ജവവും കൈവരിച്ചുകൊണ്ട് മനസ്സിലെ ബാല്യം തലപൊക്കുന്ന മഴക്കാലം....
അത് നാട്ടിന്‍പുറങ്ങളില്‍ ഒരാഘോഷത്തിന്റെ പരിവേഷം തന്നെ സ്വീകരിക്കുന്നു.....

അതെ.., ആരവങ്ങളും ആര്‍‌പ്പുവിളികളുമായി, വലിയ കാലവ്യതിയാനമില്ലാതെതന്നെ മറ്റൊരിടവപ്പാതി കൂടി.....
ഇടവപ്പാതിയെന്ന ഓമനപ്പേരില്‍ മഴ മനുഷ്യര്‍‌ക്കു കൂട്ടുകാരനും,കൂട്ടുകാരിയുമാവുന്ന അവസ്ഥ.....
ഇടവമാസത്തിന്റെ പകുതിയില്‍ ആരംഭിക്കുന്ന മഴയ്ക്ക് 'ഇടവപ്പാതി'യെന്നു പേരിട്ടതിലും കാണാം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തില്‍ കൈമാറിയ ആ അനുഭവപാഠം....
**********
മഴക്കളികള്‍ കേരളത്തില്‍ [പ്രത്യേകിച്ച് മലബാറില്‍] വേറെതന്നെ ഉണ്ട്....
കടലാസു തോണികളൊഴുക്കിയും, കാലുകൊണ്ട് ചാലുകീറി വെള്ളത്തെ വഴിതിരിച്ചുവിട്ടും ചെറിയ കുട്ടികള്‍ മഴക്കാലം ആഘോഷിക്കുമ്പോള്‍
'വലിയ' കുട്ടികള്‍ വാഴത്തടികൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങള്‍, വെള്ളം നിറഞ്ഞു 'കടലുപോലെയായ' പാടങ്ങളില്‍ ഇറക്കി വള്ളംകളി ആയിരിക്കും....

മാങ്ങയുടെയും, ചക്കയുടെയും കാലം കഴിഞ്ഞെത്തുന്ന മഴക്കാലത്ത്, മാങ്ങയും, ചക്കയും കൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍ യധേഷ്ടമുണ്ടാവും..... തണുപ്പത്ത് അതും തിന്നുകൊണ്ട് ഉമ്മറപ്പടിയില്‍ മഴയുടെ ഭംഗിആസ്വദിച്ചുകൊണ്ട് കൂനിക്കൂടിയിരിക്കുന്നതും നല്ല ചില മഴക്കാല‌ദൃശ്യങ്ങളില്‍ ഒന്ന്........
*********












[photo2:Vipin]


ഇതൊന്നും പോരാതെ ഇടിയും മിന്നലുമായി മഴയും അതിന്റെ ശക്തി തെളിയിക്കും.....
പ്രകൃതിയും, മനുഷ്യനും കൈകോര്‍ക്കുന്ന അസുലഭ, സുന്ദര നിമിഷങ്ങള്‍....
ഇതൊക്കെ ഗ്രാമത്തിന്റെ മുഖങ്ങള്‍.....
********
നാഗരീകതയില്‍ ഈ നൈര്‍മല്യം കാണുക പ്രയാസം....
ഓടകളിലെ കരകവിഞ്ഞൊഴുകുന്ന മാലിന്യം ചവിട്ടാതെ കടന്നുപോകാന്‍ പാടുപെടുന്നവരുടെ ശാപവാക്കുകളാണ് അവിടെ മഴയെ എതിരേല്‍ക്കുന്നത്....
ചിലപ്പോള്‍, പെയ്യുന്നത് നിഷ്കളങ്കമായ സ്ഫടികത്തുള്ളികളുമാവില്ല.., തൊട്ടാല്‍ പൊള്ളുന്ന തീക്കനലുകളാണ്....
മനുഷ്യന്‍ തന്നെത്തന്നെ മറന്നതിന്റെ ഫലം....
********
"ഇനിയും മരിക്കാത്ത ഭൂമി...,
നിന്‍ ആസന്നമൃതിയില്‍ നിനക്കാത്മശാന്തി"
എന്ന കവിവചനം നല്‍കുന്ന ഉത്കണ്ഠയാണ് സന്തോഷത്തേക്കാള്‍ ഇന്നു മനസ്സില്‍ മുന്നിട്ടു നില്‍കുന്നത്....
ജീവന്‍ തുടിക്കുന്ന, ഇനിയും മരിക്കാതെ ബാക്കിയുള്ള ആ ഭാഗങ്ങളെയെങ്കിലും നമുക്കു സം‌രക്ഷിക്കാം....
********
പ്രകൃതിയുടെ നന്മകള്‍ അറിഞ്ഞുകൊണ്ട്, ഈ മഴക്കാലം നന്നായി ആസ്വദിക്കാന്‍ നിങ്ങള്‍ക്കു കഴിയട്ടെ എന്ന ആശംസകളോടെ‍..,, നന്ദി......








****************************************************************
താങ്കളുടെ മഴക്കാലാനുഭവങ്ങള്‍ പങ്കുവയ്‌ക്കുമല്ലൊ....?!!
:-)
*****************************************************************

Saturday, May 23, 2009

വിദ്യാഭ്യാസം, തൊഴില്‍-മാറേണ്ടുന്ന കാഴ്ചപ്പാട് (ചര്‍ച്ചാമൂല: 2)





















നാലു വര്‍ഷം എല്‍.പി.സ്കൂളില്‍,
മൂന്നു വര്‍ഷം യു.പി.സ്കൂളില്‍,
മൂന്നുവര്‍ഷം ഹൈ സ്കൂളില്‍,
രണ്ടു വര്‍ഷം പ്രീഡിഗ്രീ/പ്ലസ് റ്റൂ,
മൂന്നു വര്‍ഷം ബിരുദം,
രണ്ടു വര്‍ഷം ബിരുദാനന്തര ബിരുദം,
ഒരു വര്‍ഷം ബീയഡ്ഡ്.....
അങ്ങനെ ആകെ മൊത്തം പതിനെട്ട് വര്‍ഷം....
എന്റെ അയല്‍‌വാസി‍, ഇത്തരത്തില്‍
പഠനത്തിനു മാത്രം ഇതുവരെ ഇരുപതിനടുത്ത് വര്‍ഷങ്ങള്‍ ചെലവഴിച്ചു കഴിഞ്ഞു...
പക്ഷേ ഇപ്പൊഴും ജോലിക്കു ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു....
നോക്കൂ ഒരവസ്ഥ...!

ഇതു അദ്ദേഹത്തിന്റെ കുറ്റമാണൊ,? അല്ല....
"അധ്യാപനം" സ്വപ്നം കാണുന്ന ഒരു സാധാരണ മനുഷ്യന്‍ ചെലവഴിക്കേണ്ടുന്ന മിനിമം പഠന കാലയളവ്... ഇരുപത് വര്‍ഷം....
എന്നിട്ടും ഒരു കുട്ടിയെ പഠിപ്പിക്കാനുള്ള യോഗ്യത സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ അദ്ദേഹത്തിനു കിട്ടിയിട്ടില്ല എന്നു കാണുമ്പൊള്‍ അദ്ഭുതവും അതിലുപരി നാണക്കേടും തോന്നുന്നു...

ഇത് ഒരാളുടെ പ്രശ്നമല്ല....
നൂറായിരം ഉദാഹരണങ്ങള്‍....

ശരാശരി ആയുസ്സുള്ള ഒരാള്‍ ജീവിക്കുക 70-80 വയസ്സുവരെ...
ഇരുപത് വര്‍ഷം പഠനത്തിനഅയി ചെലവഴിക്കുന്ന ഒരു മനുഷ്യന്‍, തന്റെ ജീവിതത്തിന്റെ മൂന്നില്‍ ഒരു ഭാഗം "അതിനു വേണ്ടി മാത്രം" ചെലവഴിക്കുന്നു.... എന്നിട്ടും പലപ്പോഴും അയോഗ്യത കല്പിക്കപ്പെടുകയും ചെയ്യുന്നു....

ഇതില്‍ ഒരു മാറ്റം അനിവാര്യമല്ലെ..?
അതെ എന്നു ഞാന്‍ പറയും....

ഇതിലെല്ലാമുപരി, രസകരമായ ഒരു വിഡ്ഢിത്തം, ഇവിടെ തൊഴിലെടുക്കുന്നവനു തൊഴിലില്‍ എത്ര അറിവുണ്ട് എന്നത് അളക്കപ്പെടുന്നത് വളരെ കുറവാണ് എന്നുള്ളതാണ്....
പഠിപ്പിക്കുന്നവന്റെ 'പഠിപ്പീര്' ആരു നോക്കാന്‍... പാവം പിള്ളേര്... വായില്‍ നോക്കി ഇരുന്നത് മിച്ചം....

അമേരിക്ക പോലുള്ള സമ്പന്ന, വിദേശ രാജ്യങ്ങളില്‍ ആളുകളെ ജോലിക്കെടുക്കുന്നത് സര്‍‌ട്ടിഫിക്കറ്റുകളുടെ ഖനം കണ്ടിട്ടല്ല, മറിച്ച് പ്രായോഗിക കഴിവും, പരിജ്ഞാനവും, skillഉം മാനദണ്ഠപ്പെടുത്തിയാണ് എന്നു ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്....
അതില്‍ കഴമ്പുണ്ടെന്നു തോന്നുന്നു....

വെറും പുസ്തകങ്ങള്‍ 'മാത്രം' പഠിച്ചു സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയാല്‍ എന്തു യോഗ്യതയാണ് ഒരാള്‍ നേടുന്നത്....?
ഇന്ത്യയിലെ അവസ്ഥ തികച്ചും ദയനീയമായി കാണുന്നു...
ഇവിടെ പ്രായോഗീകതയ്ക്കല്ല, സര്‍ട്ടിഫിക്കറ്റുകള്‍ക്കുമാത്രമാണ് പ്രാധാന്യം...
[സ്വകാര്യ കമ്പനികള്‍ പ്രായോഗികപരിജ്ഞാനത്തിനും കൂടി അല്പം പ്രാധാന്യം നല്‍കിത്തുടങ്ങി എങ്കിലും സാര്‍‌വ്വത്രികവും, കൃത്യവുമായിട്ടില്ല.]

ഒരു അധ്യാപകനാവാന്‍ വേണ്ടുന്ന മിനിമം യോഗ്യത എന്താ..?
സംശയമെന്ത്, മറ്റൊരാള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാനുള്ള കഴിവുതന്നെ...
എന്നാല്‍ ഇവിടെയൊ, ഒരു ബിരുദാനതര ബിരുദവും, NET/SETഉം ഉണ്ടെങ്കില്‍ [ഒപ്പം കാശോ ഭാഗ്യമൊ കൂടി] ആര്‍ക്കും അധ്യാപകനാവാം...
ആ അധ്യാപകന്‍ പഠിപ്പിക്കുന്ന വിധ്യാര്‍ത്ഥികളുടെ കാര്യമൊ.??????!!!!
.................?!!
ഇതാണവസ്ഥ.......... കഷ്ടം.......
ഇതര മേഘലകളിലും ഇക്കാര്യത്തില്‍ വലിയൊരു മാറ്റം കാണാനാകുമെന്നു തോന്നുന്നില്ല....

ഇതാണ് ഇവിടുത്തെ സാമൂഹ്യ രീതിയില്‍ അനിവാര്യമായി വേണ്ടുന്ന മാറ്റം....
എന്താ, തെറ്റുണ്ടൊ??
ഇതൊരു ബാലികേറാമലയൊന്നുമല്ല...
കഴിവുള്ളവനെ പരിഗണിക്കാനുള്ള സന്നദ്ധത കാണിക്കുക എന്നേ ഇതിനര്‍‌ത്ഥമുള്ളൂ....
ഇത്രമാത്രം മനുഷ്യവിഭവ സമ്പത്തുണ്ടായിട്ടും ഇന്ത്യ സാമ്പത്തിക രംഗത്ത് പിന്നാക്കം നില്‍കുന്നതിന്റെ ഒരു കാരണം ഇതുതന്നെയാവില്ലെ..??
പ്രഗല്‍ഭനല്ലാത്തവന്‍ തൊഴിലെടുക്കുന്ന അവസ്ഥ.!!!
പ്രാഗല്‍ഭ്യമുള്ളതു ചെയ്യാന്‍ കഴിയാത്ത അവസ്ഥ....!!
അയ്യോ... ഇന്ത്യക്കാര്‍ക്കു സ്തുതി......

ഇവിടെ ഒരു ആക്ഷേപം വരുന്നത് വിദ്യാഭ്യാസം അനിവാര്യമല്ലെ എന്നതാണ്....
വിദ്യാഭ്യാസം അനിവാര്യം തന്നെ... അതുവേണ്ടെന്നാരു പറഞ്ഞു.... പക്ഷെ അത് ഇന്നു കാണുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം 'മാത്രമല്ല', മൂല്യാധിഷ്ഠിതവിദ്യാഭ്യാസം കൂടിയാവണം.... എന്നു വച്ചാല്‍ തൊഴിലിനല്ലാതെ, ഒരല്പം മൂല്യങ്ങളും കൂടെ പഠിപ്പിക്കപ്പെടണം എന്ന്....
ഇന്ന് ഏതൊരു കുട്ടിയോടും ചോദിച്ചുനോക്കൂ... പഠിക്കുന്നത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞുതരും..... ഡോക്ടറാവാന്‍, എഞ്ചിനീയറാവാന്‍, കലക്ടറാവാന്‍, അങ്ങനെ അങ്ങനെ...
[മുന്‍പാണെങ്കില്‍ ഒന്നുമറിയാത്ത ചെറിയ പ്രായത്തിലെങ്കിലും പറഞ്ഞേനെ "എനിക്ക് ഡ്രൈവറാവണം, പോലീസാവണം, പട്ടാളമാവണം" എന്നൊക്കെ...ഇപ്പൊള്‍ കഥ മാറി..]

'തൊഴില്‍' എന്നത് നിര്‍‌വ്വചിക്കുന്നതു തന്നെ (പറയുന്നതും പഠിപ്പിക്കുന്നതും) പ്രൊഫഷണല്‍ കോഴ്സുകളിലൂടെയാണ്... എഞ്ചിനീയര്‍, ഡോക്ടര്‍, കലക്ടര്‍, 'കമ്പ്യൂട്ടര്‍ഭീകരര്‍' ബിസ്സിനസ്സ്മേന്‍ അങ്ങനെ അങ്ങനെ.....
അപ്പൊ കൃഷി പോലുള്ളവയൊ..?
അയ്യേ., ച്ഛേ!! അല്ലേ..?
ഇതു തന്നെയാ പ്രശ്നം....
ഇനിയിപ്പൊ ഒരു ജോലിയും കിട്ടിയില്ലെങ്കില്‍ 'മിലിട്ടറി'.... ഹ.....

ഒരു മേഘലയില്‍ താല്പര്യമുള്ളവര്‍ എന്തായാലും അതുമായി ബന്ധപ്പെട്ട അറിവ് നേടുമെന്നതില്‍ സംശയമില്ല....
സമൂഹം അംഗീകരിക്കണം എന്നു മാത്രം....
കൃഷിയില്‍ താല്പര്യമുള്ള ഒരുവന്‍ ഇന്നത്തെ അന്തരീക്ഷത്തില്‍ ആ പണിചെയ്യാന്‍ മടിക്കുന്നതിനു കുറ്റക്കാര്‍ നാമെല്ലാമടങ്ങുന്ന സമൂഹമാണ്....
കഴിവുള്ളവനെ അംഗീകരിക്കുന്ന ഒരു സമൂഹത്തില്‍ ഒരിക്കലും തൊഴില്‍ഭേദങ്ങളുണ്ടാകുന്നില്ല...
അതല്ലെ ആവശ്യം...? അതല്ലെ നല്ലത്.? അതല്ലെ ശരി.....?

സമൂഹസേവനത്തിനുതകുന്നതും, അവരവരുടെ കഴിവും, താല്പര്യവും പ്രാവീണ്യതയും പ്രയോഗിക്കാന്‍ കഴിയുന്നതുമായ തൊഴിലുകള്‍ തെരഞ്ഞെടുക്കാന്‍ പ്രചോദനം നല്‍കുക എന്നതു മാത്രമാണ് ആവശ്യം.... അങ്ങനെയൊരവസ്ഥയില്‍ ജോലിഭാരം നമ്മെ പരിക്ഷീണിതരാക്കുകയില്ല... കാരണം അതിലടങ്ങിയിരിക്കുന്നത് അത്മാര്‍‌ത്ഥതയുടെ വിയര്‍പ്പുതുള്ളികളാണ്... അതിലെ സന്തോഷം ഒരു വ്യക്തിയുടേതല്ല.., മറിച്ച് ദശലക്ഷക്കണക്കിനാളുകള്‍ ഒരുമിച്ചനുഭവിക്കുന്ന ഒന്നാണ്....

അപ്പൊ ചോദിക്കും.., ഇതൊക്കെ ആശയങ്ങള്‍ മാത്രമല്ലെ എന്ന്... നാമെല്ലാമടങ്ങുന്ന ഒരു സമൂഹം മാറാന്‍ നാം ഓരോരുത്തരും മാറിയാല്‍ മതി....
അതിനു സന്നദ്ധരാവുക.... സ്വയം മാറുക;- ഓരോരുത്തരും....

*****************************************************************************************************
[അഭിപ്രായങ്ങള്‍ എഴുതുമല്ലൊ?????....

Thursday, May 14, 2009

മലയാളിയുടെ അഭിമാനം...(ചര്‍ച്ചാമൂല:1)

ഈയിടെ ഒരു discussion കണ്ടു... നമ്മുടെയൊക്കെ "അഭിമാനമായ ശ്രീശാന്ത്" ഇപ്പോള്‍ മലയാളികളെ നിരാശപ്പെടുത്തുന്നൊ?" എന്ന രീതിയിലുള്ള ചോദ്യവുമായി...
അദ്‌ഭുതം തോന്നാറുണ്ട് ഇങ്ങനെ ചിലതൊക്കെ കേള്‍ക്കുമ്പോള്‍...!
അഭിമാനമെത്രെ!! ഹ..!.. പ്രബുദ്ധരായ കേരളീയ ജനതയുടെ അഭിമാനം ആരിലൊക്കെ?.
നമ്മള്‍ അഭിമാനിക്കുന്നതില്‍ എന്തെങ്കിലും യുക്തി ആരെങ്കിലും തിരഞ്ഞിട്ടുണ്ടൊ.?

ഞാന്‍ ചിലതൊക്കെ സൂചിപ്പിക്കട്ടെ,

നൂറായിരം പട്ടിണിപ്പാവങ്ങള്‍ അധിവസിക്കുന്ന കേരളം..

രണ്ടുനേരമെങ്കിലും വയറു നിറയ്ക്കാന്‍ അദ്ധ്വാനിച്ച്, ഒടുക്കം കടം കയറി ആത്മഹത്യ ചെയ്യുന്നവരുടെ കേരളം..

തൊഴിലെടുക്കാന്‍ തൊഴിലുകളില്ലാതെ, എന്നാന്‍ അരിവാങ്ങാന്‍ കാശില്ലാതെ മാംസം വില്‍ക്കാനായി പുറപ്പെട്ടവരുടെ കേരളം....

വിശന്നു കരയുന്ന കുഞ്ഞിന് ഒരുനേരം ഭക്ഷണം നല്‍കാന്‍ സ്വന്തം ഗര്‍ഭപാത്രം വരെ വില്‍ക്കുന്ന അമ്മമാരുടെ കേരളം....

നല്ല കായിക താരങ്ങളായിട്ടും സാമ്പത്തികപ്രശ്നംമൂലം മാത്രം കൂലിവേലചെയ്യുന്നവരുടെ കേരളം...

നല്ല നടന്മാരായിട്ടും, എഴുത്തുകാരായിട്ടും, കലാകാരന്മാരായിട്ടും അവസരങ്ങള്‍ നിഷെധിക്കപ്പെടുന്നവരുടെ കേരളം.....

ഈ കേരളത്തില്‍ നിന്നും ഓരോ റണ്ണിനും കാശുനേടുന്ന,
മനുഷ്യന്റെ കുടിവെള്ളം മുട്ടിക്കുന്ന ഉല്പന്നങ്ങളുടെ പ്രചരണത്തിനിറങ്ങിയ,
'നമ്മുടെ പൊന്നോമന കളിക്കാര്‍' [ശ്രീശാന്തടക്കം ആരായാലും] കേരളത്തിന് അഭിമാനിക്കാവുന്ന വകയാണൊ.?
എന്നെ സംബന്ധിച്ചിടത്തോളം അല്ല....
എന്നാല്‍ അദ്ദേഹം തന്റെ കോടികളില്‍,
ചിതലരിക്കുന്ന ചില നോട്ടുകെട്ടുകളെങ്കിലും തെരുവിലേക്ക് വലിച്ചെറിഞ്ഞിരുന്നെങ്കില്‍ അഭിമാനിക്കാനുള്ള വക ഉണ്ടായേനെ നമുക്ക്...
അല്ലാതെ................................ ഇല്ല...

ഒരുനേരത്തെ ആഹാരത്തിനുവേണ്ടീ മോഷ്‌ടിക്കാനിറങ്ങുന്നവര്‍ ഒരുഭാഗത്ത്... മതിലുകള്‍ക്കുള്ളില്‍ നാലുനേരം വിറ്റാമിനുകള്‍ കലക്കി കുടിച്ച് അതു ഒഴുക്കിക്കളയാന്‍ പാടുപെടുന്നവര്‍ മറ്റൊരു ഭാഗത്ത്...
ഒരു ഭാഗം നമ്മുടെ അഭിമാനമാവുമ്പോള്‍ മറ്റേ ഭാഗത്തേക്ക് ആരുടെയും കണ്ണുകള്‍ എത്തുന്നേ ഇല്ല...
ഇതാണൊ പ്രഭുദ്ധത..???

ദിവസം മൂന്നു നേരം ആഹരിക്കാന്‍ വകയില്ലാത്തവര്‍ അധിവസിക്കുന്ന നമ്മുടെ ഈ ഇന്ത്യാ മഹാരാജ്യത്താണ് പിറന്നാള്‍ സമ്മാനമായി മുന്നൂറ് കോടിയുടെ വിമാനം നല്‍കപ്പെട്ടതെന്ന് കേള്‍ക്കുമ്പോള്‍ അഭിമാനമൊ, അദ്‌ഭുതമൊ ആണോ, അപമാനമല്ലെ തോന്നേണ്ടത്...?

വിദ്യയ്ക്കും, വിശപ്പിനും വകയില്ലാതെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരുടെ ഇടയില്‍ നിന്നാണ് ഈ പറയപ്പെടുന്നവരെല്ലാം "കളിയിലെ കേമന്‍" എന്നതിനുള്ള കോടികളുടെ പുരസ്കാരം ഒരു നാണവുമില്ലാതെ രണ്ടുകയ്യുംനീട്ടി വാങ്ങുന്നത് എന്ന യാദാര്‍ത്ഥ്യബോധം, പലരെയും അവരില്‍ അഭിമാനിക്കുന്നതിനു പകരം സഹതപിക്കാന്‍ പ്രേരിപ്പിക്കുന്നു......

തീവ്രവാദി ആക്രമണത്തില്‍ നമ്മുടെ നാടിനും നമുക്കും വേണ്ടി സ്വന്തം ജീവന്‍‌തന്നെ ബലി നല്‍കിയ ജവാന്‍-: അദ്ദേഹത്തിന്റെ കുടുംബത്തിനു നല്‍കിയ സഹായം വെറും മൂന്നു ലക്ഷം രൂപ... ആരോ എറിഞ്ഞ പന്ത് ഏറ്റവും കൂടുതല്‍ ഉയരത്തില്‍ പായിച്ച കളിക്കാരന് മുപ്പതിനു മേലെ ലക്ഷങ്ങള്‍.... ഇതില്‍ അഭിമാനിക്കാന്‍ നമുക്കാവുമൊ.? (എനിക്കാവില്ല!)

"നടീ-നടന്മാര്‍ക്ക് ക്ഷേത്രങ്ങളുയരുന്നു" എന്ന വാര്‍ത്ത 'മനുഷ്യമനസ്സുകളെ',
മഴയേല്‍ക്കാതെ കഴിയാന്‍ വീടില്ലാത്ത കടത്തിണ്ണകളുടെ സന്തതികളുടെ അടുത്തെത്തിക്കാത്തതെന്തെ?...
'താരാരാധന'യുടെ പേരില്‍, ഖുശ്ബുവിനു കെട്ടിയ ക്ഷേത്രത്തിന്റെ പേരില്‍ തമിഴ്ജനതയെ പരിഹസിക്കുന്ന മലയാളികള്‍ മമ്മൂട്ടിക്കുവേണ്ടിയും ഈ ഏര്‍പ്പാടിനു മുതിര്‍ന്നു എന്നത് "മലയാളികളുടെ തൊലിയുരിക്കുന്ന വാര്‍ത്തയായിപ്പോയി" എന്ന് എത്ര പേര്‍ ചിന്തിച്ചു.?
ഒരാളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കണമെന്നത് ന്യായം... എന്നാല്‍ മറുപക്ഷത്തെ മറന്നുകൊണ്ടാവരുത് ഇതൊന്നും എന്നുമാത്രം... അമാനുഷിക വല്‍കരണത്തില്‍ നിന്നും, അന്ധവിശ്വാസങ്ങളില്‍ നിന്നും, നിരവധി പേര്‍ ചോരയും നീരും നല്‍കി രക്ഷിച്ച ഒരു സമൂഹമാണ് ഇന്ന് ഇത്തരത്തില്‍ അധപ്പതിക്കുന്നത് എന്ന കാര്യം ചിന്തിക്കേണ്ടുന്ന കാര്യമല്ലെ?... ആധുനികയുഗത്തില്‍ നിന്നും ശിലയിലേക്ക്....

"അടുത്ത ലോകമഹായുദ്ധത്തില്‍ പ്രയോഗിക്കുന്ന ആയുധങ്ങള്‍ എന്തായിരിക്കുമെന്ന് എനിക്കറിയില്ല... എന്നാല്‍ എനിക്കുറപ്പാണ് അതിനും ശേഷമുള്ള ലോകമഹായുദ്ധത്തില്‍ ആയുധം 'കല്ല്' ആയിരിക്കും എന്ന്....!!." ഈ മഹത്തായ വാക്കുകള്‍ ഞാന്‍ ഇവിടെ ഓര്‍മിപ്പിക്കട്ടെ.....

ഇന്ത്യന്‍ ടീം പാക്കിസ്ഥാനെ തോല്പിക്കുമ്പോള്‍ ഉയര്‍ന്നു ചാടുന്ന ദേശീയതയെ നാം പുച്ഛിക്കണം...
അവിടെ ഒഴുകുന്ന പണം വേണ്ട,
കോളയും, സ്നാ‌ക്‌സും മതിയായേക്കും ഈ പട്ടിണിക്കൊരു അറുതി വരുത്താന്‍...

അതിനായൊരു ചുവട് ഇവരാരെങ്കിലും വയ്ക്കുമ്പോള്‍ അതിലഭിമാനിക്കാം നമുക്ക്... ഒപ്പം
ഞാനുമുണ്ട്.....